കവിത
സദാചാരം
ഇലകള്‍ കൊഴിഞ്ഞ്
നഗ്നയായിത്തീ൪ന്ന മരത്തിന്‍റെ
നെഞ്ചത്ത്
ഒരു കിളി പറന്നു വന്നിരുന്നു.
നാണം വന്നു, മരത്തിന്.
ഇലകള്‍ ഉള്ളപ്പോഴായിരുന്നെങ്കില്‍
കുഴപ്പമില്ലായിരുന്നു!
സൂര്യ൯:
അതൊരു ചെറിയകിളിയല്ലെ
അങ്ങോട്ടു ശ്രദ്ധിക്കണ്ടാ
അധികനേരം ഇരിക്കില്ല
മരം:
ചെറിയകിളിയാണെങ്കിലും
വന്നിരുന്ന സ്ഥലംകണ്ടില്ലേ
ഇങ്ങനെ വന്നിരിയ്ക്കാമോ!
മരത്തിന്‍റെ നാഭിയില്‍
മയക്കം വിട്ടുണര്‍ന്ന സ൪പ്പം
മുകളിലേയ്‌ക്ക് ഇഴഞ്ഞു തൊട്ടടുത്തെത്തി.
തൂവല്‍ണ്‍ മിനുക്കിയിരുന്ന കിളി
തല ചരിച്ചു നോക്കി പിന്നെ
തെറിപറഞ്ഞ്പറന്നുപോയി.
വിശപ്പുസഹിക്കാഞ്ഞ സ൪പ്പം ചുറ്റിപ്പിണഞ്ഞ്
മരത്തിന്‍റെ നെഞ്ചില്‍ ആഞ്ഞു കടിച്ചു.
ആദ്യ ഇഴച്ചിലില്‍ത്തന്നെ പിടിവിട്ട വികാരം
നഗ്നശരീരമാകെ
കുഞ്ഞിലകളായി മുളയ്ക്കുന്നത് മരമറിഞ്ഞു
സൂര്യന്‍ പതിയെ കണ്ണടച്ചു.